നികുതിയടച്ച്‌ വലഞ്ഞു; ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും അന്നമ്മയ്ക്ക് ഒരു സന്തോഷവുമില്ല

by Reporter

ലോട്ടറി അടിച്ചാല്‍ സന്തോഷിക്കാത്തവര്‍ ആരാണുള്ളത്. എന്നാല്‍ ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും ഒരു  സന്തോഷവുമില്ലാത്ത സ്ഥിതിയിലാണ് അന്നമ്മ എന്ന വീട്ടമ്മ. കോട്ടയം സ്വദേശിയായ അന്നമ്മയ്ക്ക് ഒരു വര്‍ഷം മുമ്ബാണ് ഒരു കോടി രൂപ ലോട്ടറി അടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നറുക്കെടുപ്പു നടന്ന ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ഇവര്‍ക്കായിരുന്നു. പക്ഷേ ലോട്ടറിയുടെ സമ്മാനത്തുക കൈയില്‍ കിട്ടിയിട്ടും ഇപ്പോഴും നികുതി അടക്കേണ്ട സ്ഥിതിയിലാണ് അന്നമ്മ.

ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു അന്നമ്മ. സമ്മാനത്തുകയുടെ നികുതിയെല്ലാം കഴിച്ചു 60 ലക്ഷത്തിന് മുകളിലുള്ള  തുക കൈയ്യില്‍ കിട്ടി. അത് വരെ ഉണ്ടായിരുന്ന കടങ്ങളെല്ലാം വീട്ടി ബാക്കി പണം ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തി. ഇതില്‍ നിന്നും ലഭിക്കുന്ന പലിശ ഉപയോഗിച്ചാണ് അന്നമ്മയുടെ ജീവിതം മുന്നോട്ടു പോകുന്നത്. എന്നാല്‍  വീണ്ടും നികുതി അടയ്ക്കണമെന്ന നോട്ടീസ് കിട്ടിയതോടെയാണ് ഈ വീട്ടമ്മ ആകെ വിഷമത്തിലായത്.

 ആദായനികുതി വകുപ്പില്‍നിന്ന് കിട്ടിയ നോട്ടീസില്‍ നാല് ലക്ഷം രൂപ സര്‍ ചാര്‍ജ് അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ചാര്‍ജ് അടയ്ക്കണമെന്ന് കാണിക്കുന്ന നോട്ടീസ് ഒരു വര്‍ഷം വൈകിയാണ് അന്നമ്മയ്ക്ക് കിട്ടിയത്. തിരുവനന്തപുരത്തുള്ള ലോട്ടറി വകുപ്പില്‍ തിരക്കിയപ്പോള്‍ എല്ലാ നികുതിയും പിടിച്ചതിന് ശേഷം ബാക്കിയുള്ള  തുകയാണ് നല്‍കിയതെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് ഇനീ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വിഷമിക്കുകയാണ് ഇവര്‍.

സര്‍ച്ചാര്‍ജ് നികുതി ജൂലൈ 31 നുള്ളില്‍ അടയ്ക്കണമെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്നമ്മയെ അറിയിച്ചത്. നികുതി കഴിച്ചുള്ള പണം കൈപ്പറ്റിയപ്പോള്‍  ഇത്തരത്തില്‍ സര്‍ച്ചാര്‍ജ് അടയ്ക്കുന്നതിനെ കുറിച്ച്‌ തനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് അന്നമ്മ പറയുന്നു. ഒരു വര്‍ഷം വൈകി നോട്ടീസ് കിട്ടിയതുകൊണ്ട് തന്നെ പിഴയായി, കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നും അന്നമ്മയോട് ചിലര്‍ പറയുന്നു. സര്‍ച്ചാര്‍ജ് അടയ്ക്കുന്നതിന് വേണ്ടി ട്രഷറിയിലുള്ള സ്ഥിരനിക്ഷേപം കാലാവധി തീരുന്നതിന് മുന്‍പ് പിന്‍വലിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ അന്നമ്മ.

Leave a Comment